Sunday 20 December 2015

രക്തം തിളച്ച നാളുകളുടെ ഓര്‍മ്മകള്‍; പ്രണയവും..!!



മണിക്കൂറുകളോളം നീണ്ട യാത്രക്കൊടുവില്വൈകുന്നേരം6.30 ഓടെഹീത്രു വിമാനത്താവളത്തില്സുരക്ഷിതമായി ഞാന്പറന്നിറങ്ങി. നാട്ടില്നിന്നും 12 മണിക്കൂര്യാത്ര ചെയ്താല്എത്തിച്ചേരാവുന്ന പരമാവധി അകലത്തിലായിരുന്നു ഞാനപ്പോള്‍. പരിശോധന കഴിഞ്ഞു പുറത്തിറങ്ങാന്പിന്നെയും കുറെ സമയ വേണ്ടി വന്നു. എന്നെ കാത്ത് ടാക്സി ഡ്രൈവര്പുറത്തു നില്ക്കുന്നുണ്ടായിരുന്നു. ലണ്ടനിലുണ്ടായിരുന്ന എന്റെ സുഹൃത്ത് ഏര്പ്പാടാക്കിയടാക്സിക്കാരന്ഫ്ലൈറ്റ്എത്തുന്നതിന്റെ ഒരു മണിക്കൂര്മുന്പ് തന്നെ അവിടെയെത്തിയതായി പറഞ്ഞു. അയാളൊരു പാക്കിസ്ഥാനിയായിരുന്നു. വെളുത്ത താടിയുള്ള ഒരുമധ്യവയസ്കന്‍. കാത്തുനില്ക്കേണ്ടി വന്നതിന്റെ നീരസമോന്നും അയാളുടെ വാക്കുകളിലുണ്ടായിരുന്നില്ല. ലഗേജെടുത്ത് അയാള്മുന്പിലും ഞാന്പുറകിലുമായി നടന്നു. ലിഫ്റ്റ്കയറി താഴോട്ടിറങ്ങി. താഴെഎത്തിയപ്പോഴാണ് വിമാനത്താവളം എത്ര ഉയരത്തിലാണെന്ന്മനസ്സിലായത്. ഒരു വലിയ നഗരത്തെ ജീവിതത്തിലാദ്യമായികാണുകയായിരുന്നു. അയാളെന്നോട് കാറ് ചൂണ്ടികൂടെ ചെല്ലാന്പറഞ്ഞു. ക്ഷീണമുണ്ടായിരുന്നെങ്കിലും കണ്ണെത്താവുന്ന ദൂരത്തോളം ഞാന്ലണ്ടന്നഗരത്തെനോക്കിക്കണ്ടു! എങ്ങും കത്തി നില്ക്കുന്ന വിളക്കുകള്‍. അസഹനീയമായ തണുപ്പും!! എയര്പോര്ട്ട്പാര്ക്കിങ്ങിന്റെ മുകളിലത്തെ നിലയില്നിന്നും ടാക്സി സാവധാനം താഴോട്ട് ചുറ്റിയിറങ്ങി. അതിനിടെഡ്രൈവര്പേരും നാടും ചോദിച്ചു. മറുപടി പറഞ്ഞു തീരുന്നതിനു മുന്പേ അയാളെന്നോട് സലാം പറഞ്ഞു. ഞാനൊരു മുസല്മാനാണെന്നറിഞ്ഞതിലുള്ള സന്തോഷം!! ബെഡ്ഫോര്ഡിലേക്ക് ഒന്നര മണിക്കൂര്യാത്ര ഉണ്ടെന്നദ്ദേഹം പറഞ്ഞു. വണ്ടിയുടെ ഗ്ലാസ്സില്മഞ്ഞു തുള്ളികളായി പെയ്തു തുടങ്ങി. അതും ജീവിതത്തിലെ ആദ്യത്തെ കാഴ്ചയായിരുന്നു. ഗ്ലാസ്സില്വീണയുടനെ മഞ്ഞിന്‍ കണങ്ങള്‍ അലിഞ്ഞില്ലാതായി..വൈപ്പര്‍ ശക്തിയായി അവയെല്ലാം തുടച്ചു മാറ്റിക്കൊണ്ടിരുന്നു.അപ്പോഴും മഞ്ഞു കൂടുതല്‍ ശകതിയായി ഗ്ലാസ്സില്‍ വീണലിയുന്നുണ്ടായിരുന്നു. യുനിവേഴ്സിറ്റിയെയുംവിടെ എന്നെ കാത്തിരിക്കുന്ന അപരിചിത ലോകത്തെയും കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സു നിറയെ..!!ഇന്‍ജക്ഷന്‍ എടുക്കാന്‍ ഹോസ്പിറ്റല്‍ ലാബിന്റെ പുറത്ത് കാത്തു നില്‍ക്കുന്നത് പോലെയുള്ള ഒരവസ്ഥ. അകാരണമായൊരു അസ്വസ്ഥത..ഗ്ലാസ്സിലപ്പോഴും മഞ്ഞു വീഴുന്നുണ്ടായിരുന്നു...പുറത്തേക്കു നോക്കി ഡ്രൈവര്‍ എന്നോട്ചോദിച്ചു; "അത് പഞ്ഞിക്കെട്ടുണക്കാനിട്ടതാണെന്നു തോന്നുന്നുണ്ടോ?" മഞ്ഞു വീണ് വെളുത്തു പോയ ഇരു വശങ്ങളെയും നോക്കി അയാള്‍ പറഞ്ഞ തമാശ കേട്ട് ഞാന്‍ ചിരിച്ചു പോയി.!! തണുപ്പ് ഗ്ലാസ്സിലൂടെ അകത്തേക്ക് പടരുന്നതായി തോന്നി.

പി ജി വിദ്യാര്‍ഥിയായി ഇവിടെ വന്നതാണ്ണ്‍; എങ്കിലും ആദ്യമായെത്തുന്നതിന്റെഅമ്പരപ്പുണ്ട്..! കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്ഫാറൂഖ് കോളേജില്‍ആദ്യമായി എത്തിയ ദിവസവും ഇത് പോലെ തന്നെയായിരുന്നു..ആ വലിയ കവാടത്തിനും അതിനുള്ളിലെ എന്റെ ആദ്യ ദിനങ്ങള്‍ക്കും ഓര്‍മയില്‍ ഇന്നും മെയ്മാസ പ്പൂക്കളുടെ ചുവന്ന നിറമാണ്‍. രാജാ ഗേറ്റ്മുതല്‍ പോര്‍ടിക്കോ വരെ പൂക്കള്‍ വീണു ചുവന്നിരുന്നു. ആ നിറവും ആദ്യമായി കണ്ട ക്യാമ്പസ്സിന്റെ ചിത്രവും ഇന്നും മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ല. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്റെര്‍വ്യു ദിനത്തില്‍ കണ്ട പല അപരിചിത മുഖങ്ങളും പിന്നീട് ഒരിക്കലും മറക്കാനാവാത്ത സൌഹൃദങ്ങള്‍സമ്മാനിച്ചതും ഒടുവില്‍ ക്യാമ്പസ്സില്‍ നിന്നുംവിടപറയുമ്പോള്‍ എല്ലാവരുടെയും കണ്ണ് നനഞ്ഞതും ഇപ്പോഴും മനസ്സില്‍ വിഷമമുണ്ടാക്കാറുണ്ട്....!! ഡ്രൈവറുടെ ഫോണ്‍ ശബ്ദിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അയാള്‍ ഹിന്ദിസംസാരിക്കുന്നത് കേട്ട് ഞാന്‍ അമ്പരന്നു. എനിക്കത് അപ്രതീക്ഷിതമായ ഒന്നായിരുന്നു. അയാള്‍ക്ക് ശബ്ദംഅല്പം കൂടുതലാണെന്ന് തോന്നിപ്പോയി. വിളിച്ചത് ഭാര്യയാണെന്നും സംസാരിച്ചത് ഹിന്ദിയല്ല ഉറുദു ആണെന്നും പിന്നീട് മനസ്സിലായി. അയാളെന്റെ യുനിവേഴ്സിറ്റിയെയും കൊഴ്സിനെയും പറ്റിയൊക്കെ അന്വേഷിച്ചു. പിന്നീടയാള്‍ ചോദിച്ചത് ഞാന്‍നമസ്കാരവും നോമ്പുമൊക്കെ ഉള്ള ആളാണോ എന്നായിരുന്നു..!! അതെ എന്ന്‍ ഞാന്‍ ഉത്തരം നല്‍കി; ഉടനെ അയാള്‍ പറഞ്ഞു "അത്തരം ആളുകള്‍ക്ക് ഇവിടുത്തെ ജീവിതം ഒരു ജിഹാദാണെന്ന്" 

യാത്രക്കിടയില്‍ കണ്ട ചെറിയ ടൌണ്‍ സെന്ററുകളിലും മറ്റുംഎനിക്കതിന്റെ സൂചനകള്‍ കാണാമായിരുന്നു. വഴിയിലധികവും സ്ത്രീകള്‍ ആയിരുന്നു. വസ്ത്രം ധരിക്കാന്‍ മടി കാണിക്കുന്നവര്‍..!! ധരിച്ചവര്‍ തന്നെ അലസമായി ഒറ്റത്തുണി ചുറ്റിയവര്‍..! ക്യാമ്പസ്സിലും സ്ഥിതി മാറിച്ചായിരിക്കില്ല എന്നയാള്‍മുന്നറിയിപ്പ് നല്‍കിയപ്പോള്‍ എന്റെ ഉള്ളില്‍ എന്തോ ഒരു മിന്നല്‍ പാഞ്ഞു പോയ പോലെ തോന്നി..!! അല്‍പ നേരത്തേക്ക് തൊണ്ട വരണ്ടു. നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന്റെഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കേട്ട ഒരു വാചകം അറിയാതെ ഓര്‍ത്ത്‌ പോയി.."ഇനിയിപ്പോള്‍ കുറച്ചു ദിവസം കൂടെ കാത്തിരുന്നാല്‍ നിന്റെ സ്വപ്നത്തില്‍ ഏതെങ്കിലും മദാമ്മ വന്നോളും"...!! ആ വാക്കുകള്‍ വീണ്ടും എന്റെ കാതില്‍മുഴങ്ങി. 

ഏതായാലും എനിക്ക് വഴി തെറ്റിയിട്ടില്ലെന്നും പറഞ്ഞു കേട്ട യൂറോപ്പില്‍ തന്നെയാണെത്തിയതെന്നും ബോധ്യമായി. ഇവിടെ സ്വതന്ത്രനാണെന്നോര്‍ത്തപ്പോള്‍ എനിക്ക് വീണ്ടും കുളിരുന്നതായി തോന്നി. മഞ്ഞുവീഴ്ച്ചക്കപ്പോഴുംശക്തി കൂടുകയോ കുറയുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. വൈപ്പര്‍ നില്‍ക്കാതെ വീശിക്കൊണ്ടെയിരുന്നു...!!

ഡ്രൈവര്‍ തട്ടി വിളിച്ചപ്പോഴാണ്ഞാന്‍ ഉണര്‍ന്നത്. നിരനിരയായി ഭംഗിയുള്ള ചെറിയ വീടുകള്‍ നിറഞ്ഞ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തിയിരിക്കുന്നു. കൈയിലൊരു ചെറിയ കടലാസുമെടുത്ത് അദ്ദേഹം പുറത്തിറങ്ങി. ഡോര്‍ തുറന്നതും ഞാന്‍ തണുത്ത് വിറച്ചു പോയി. എല്ലാ വീടുകളും ഒരു പോലെ..! പകുതി ഇരുട്ടും പകുതി വെളിച്ചവും..!!വിളക്കു കാലുകളും മരത്തിന്റെ വേലികളുംനോട്ടു ബുക്കുകളില്‍ കാണാറുള്ള ചിത്രങ്ങളിലേതു പോലെ പഴയതും ഭംഗിയുള്ളതുമായിരുന്നു..!! വണ്ടി നിര്‍ത്തിയതിന്റെ നാലാമത്തെ വീട്ടിലേക്ക് ഡ്രൈവര്‍ നടന്നു ചെന്നു. കോളിംഗ് ബെല്ലമര്‍ത്തി ഗാര്‍ഡനിലേക്ക് അല്പം ഇറങ്ങി നിന്നു. അവിടെ മഞ്ഞു വീണതിന്റെ ലക്ഷണമൊന്നും കാണാനുണ്ടായിരുന്നില്ല. ബാഗെടുത്ത് വീടിനുള്ളിലേക്ക് കയറുമ്പോള്‍ വീട് നിറയെ ഒരു നല്ല സുഗന്ധം പരന്നിരുന്നു.! ആദ്യമായി ഊട്ടിയില്‍ പോയപ്പോള്‍ഹോട്ടല്‍ മുറിയിലുണ്ടായിരുന്നതിനേക്കാള്‍ നല്ല സുഗന്ധം .!! സലാം പറഞ്ഞു പിരിയുമ്പോള്‍ ഡ്രൈവര്‍ എനിക്ക് നന്മകള്‍ നേര്‍ന്നു..ഞാന്‍ തിരിച്ചും..'അള്ളാഹു അനുഗ്രഹിക്കട്ടെ'...അതും പറഞ്ഞ അയാള്‍ കൈ പിടിച്ചു കുലുക്കി. മഞ്ഞു പെയ്തു തുടങ്ങിയിരുന്നു...!! അവ പഞ്ഞിക്കെട്ടു പോലെ പറന്നു വീണുകൊണ്ടേയിരുന്നു..ബ്ലാങ്കറ്റിനുള്ളില്‍ ഞാനൊരു ചോദ്യചിഹ്ന്നം പോലെ ചുരുണ്ട് കൂടി..!!!
***************


.

ഞാനിന്ന്‍ പൂര്‍ണ്ണ സ്വതന്ത്രനാണ്. കാണുന്ന കാഴ്ചകളും കേള്‍ക്കുന്ന സംഗീതവും ചുറ്റുമുള്ള മനുഷ്യരും എന്റെ അനുഭവങ്ങളിലെ ഏറ്റവും പുതിയതും ഇത് വരെയുള്ളതില്‍ ഏറെ വ്യത്യസ്തവുമാണ്‌. ഇംഗ്ലണ്ട്, നൈജീരിയ, ലാത്വിയ, പോളണ്ട്, പാക്കിസ്ഥാന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ എന്റെ യുനിവേഴ്സിറ്റിയിലുണ്ട്. നാട്ടില്‍ നിയമ വിരുദ്ദമായ പലതിനും ഇവിടെ നിയമത്തിന്റെ പിന്‍ബലമുണ്ട്. യുനിവേഴ്സിറ്റിക്കകത്ത് ക്ലാസ്റൂമില്‍ വരെ എല്ലാവരും പൂര്‍ണ സ്വതന്ത്രരാണ്. വ്യക്തി എന്ന വാക്കിന്റെ അര്‍ത്ഥവും വ്യാപ്തിയും ഞാനിന്നനുഭവിച്ചറിയുന്നുണ്ട്. എന്റെ ജന്മാവകാശങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും മറ്റെന്തിനേക്കാളുമേറെ മുന്‍ഗണന ലഭിക്കുന്നു.
ഹിജാബണിഞ്ഞ പാക്കിസ്ഥാനിയും വസ്ത്രം ധരിക്കാന്‍ താല്പര്യമേ ഇല്ലെന്നു തോന്നിക്കുന്ന ഇംഗ്ലീഷുകാരിയും എന്റെ ക്ലാസ്സിലുണ്ട്. ക്ലാസ്സിലിരുന്നു പോലും ചുംപിക്കുന്ന കമിതാക്കള്‍ ..അങ്ങനെ പലതും..!! ഈ ലോകം എത്ര വിചിത്രമാണെന്നോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. മൂന്നു വര്‍ഷത്തെ കോളേജ് ജീവിതത്തില്‍ എനിക്ക് വിലക്കപ്പെട്ടതെല്ലാം ഇവിടെ അനുവദനീയമാണ്. അവിടെ ഞാന്‍ അനുഭവിച്ചിരുന്ന വിലക്കുകളില്‍ പലതും ഇവിടെ എന്റെ വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റങ്ങളാണ്..! കോടതിയില്‍ പോയാല്‍ എനിക്ക് നിയമത്തിന്റെ പരിരക്ഷ ലഭിക്കും..! എന്നിലെ വ്യക്തി ഓരോ ദിവസം കഴിയുന്തോറും സ്വതന്ത്രനും ശക്തനുമായിക്കൊണ്ടിരിക്കുകയാണ്.
അകറ്റി നിര്‍ത്തേണ്ടവയും ഇടപഴകുമ്പോള്‍ ഭയപ്പെടെണ്ടതുമായ ഒരു തരം കൌതുക വസ്തുക്കളായിരുന്നു ഫാറൂഖ് കോളേജിലെ പെണ്‍കുട്ടികള്‍.!! അവരോടു സംസാരിക്കാനും അടുത്തിരിക്കാനും ഒപ്പം നടക്കാനും ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ സര്‍വ്വ സാധാരണം എന്നതിന് പകരം അപൂര്‍വമായി മോഷ്ടിക്കാന്‍ മാത്രം കഴിയുന്ന മോഷണ വസ്തുക്കളായിരുന്നു. പിടിക്കപ്പെട്ട മോഷ്ടാക്കള്‍ കോളേജിനെ 'മദ്രസ' എന്ന്‍ കളിയാക്കി വിളിച്ചിരുന്നു. എനിക്കതിനോട് യോജിപ്പില്ല; കാരണം അവരാരുംമോഷ്ടാക്കളാവാന്‍ യോഗ്യതയുള്ളവരായിരുന്നില്ല..!!!

കോളേജില്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇടയില്‍ മതിലുകള്‍ ഉണ്ടായിരുന്നു. പരസ്പരം സംസാരിക്കാനോ അടുത്തറിയാനോ കഴിയാത്ത വിധം എവിടെയും മതിലുകള്‍ ഉണ്ടായിരുന്നു. ഓരോ വിദ്യാര്തിയുടെയും മനസ്സില്‍ രൂപപ്പെട്ട സ്ത്രീ സങ്കല്പങ്ങളില്‍ ഈ മതില്‍ അവ്യക്തത വരുത്തിയിട്ടുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓരോ ആണ്‍കുട്ടിക്കും അഡ്മിഷന്‍ ദിനത്തില്‍ തന്നെ ഓരോ കണ്ണടയും ഫിറ്റ്‌ ചെയ്തു കൊടുത്തു.! ആ കണ്ണടയിലൂടെ മാത്രമേ അവന് തന്റെ സഹപാടികളായ പെണ്‍കുട്ടികളെ നോക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ..!!അധ്യാപകരുടെയും സെക്യുരിറ്റിയുടെയും കണ്ണു വെട്ടിച്ച് അല്‍പ നേരത്തേക്ക് ആ കണ്ണട ഊരി മാറ്റുക എന്നത് അത്ര എളുപ്പമായിരുന്നില്ല..കാരണം കണ്ണട വെച്ചിട്ടില്ലാത്ത അവര്‍ക്ക് എല്ലാം വ്യക്തമായി കാണാമായിരുന്നു..!!! അവിടെ സ്വന്തമായ ഒരു സ്ത്രീ സങ്കല്പ മുണ്ടായിരുന്നു. എഴുതി തയ്യാറാക്കിയ ഒരു പാട്യപദ്ധതി പോലെ അത് വര്‍ഷാവര്‍ഷങ്ങളില്‍ ക്യാമ്പസ്സില്‍ നടപ്പിലാക്കിപ്പോന്നു.
*************
വലിയ ലൈബ്രറിയാണ് യുനിവേഴ്സിടിയുടെത് സംസാരിക്കാവുന്നവയും നിശബ്ദത പാലിക്കെണ്ടവയും അങ്ങനെ വ്യത്യസ്ത എരിയകള്‍ ലൈബ്രറിയില്‍ ഉണ്ട്. ആദ്യമായി ലൈബ്രറി കാണാന്‍ പോയപ്പോള്‍ രസകരമായ ഒരു അനുഭവമുണ്ടായി... ലിഫ്റ്റില്‍ കയറി കൂടെ ഉണ്ടായിരുന്നവരോടൊപ്പംഞാനും പുറത്തിറങ്ങി..മൂന്നാമത്തെ നിലയില്‍ അധികം വലിപ്പമില്ലാത്ത റൂമിന് മുന്‍പില്‍ ഒരാള്‍ക്കൂട്ടം കണ്ടു. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം ഉച്ചത്തില്‍ സംസാരിക്കുന്നു...കുറെ ആളുകള്‍ അത് നോക്കി നില്‍ക്കുന്നു..! കൂട്ടത്തില്‍ എന്റെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് 'പീറ്റര്‍ ഡീനും' ഉണ്ടായിരുന്നു..പരസ്പരം വഴക്ക് കൂടുകയാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചു. പക്ഷെ 'ഡിസ്കഷന്‍ പോയിന്റില്‍' അവര്‍ സംവദിക്കുകയായിരുന്നു എന്ന്‍ പിന്നീടാണ് മനസ്സിലായത്.
ഫാറൂഖ് കോളേജിലെ ലൈബ്രറിയില്‍ ആദ്യമായി കയറിയ ദിവസവും ഇതുപോലെ രസകരം തന്നെയായിരുന്നു..പക്ഷെ അന്ന് സംഭവിച്ചത് മാനനഷ്ടമാണ്. 'അബുസ്സബാഹ് ലൈബ്രറി' ആദ്യമായി കാണുകയായിരുന്നെങ്കിലും 'എ. പി. ജെ അബ്ദുല്‍ കലാം' ഉദ്ഘാടനം നിര്‍വഹിച്ച ആ ലൈബ്രറിയെക്കുറിച്ച് കോളേജില്‍ ചേരുന്നതിനു മുന്‍പേ ഞാന്‍ കേട്ടിരുന്നു. ഞാന്‍ ഒരു 'പച്ചക്കുതിര'യുമെടുത്ത് ഒരു വശത്തിരുന്നു. ബുക്ക് വായിക്കുന്നതിലുപരി ലൈബ്രറിയുടെ ഭംഗി ആസ്വദിക്കുകയായിരുന്നു ഞാന്‍.!
മുകളിലത്തെ പി.ജി സെക്ഷനും, പിന്നില്‍ ഷെല്‍ഫില്‍ നിറച്ച എണ്ണമറ്റ പുസ്തകങ്ങളും നോക്കിയിരിക്കുമ്പോള്‍, പ്ലസ്ടു ക്ലാസില്‍ കൂടെ പഠിച്ച ഒരു പെണ്‍കുട്ടി എന്റെ തൊട്ടടുത്ത് വന്നിരുന്നു. ഞങ്ങള്‍ക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ അവളെന്നോട് സലാം പറഞ്ഞു. അവളെ പെട്ടന്ന് കണ്ട അമ്പരപ്പില്‍ ഞാന്‍ വിശദമായിത്തന്നെ സലാം നീട്ടി മടക്കി..അല്പം നീളംകൂടിപ്പോയപോലെഎനിക്കുംതോന്നി..പക്ഷമനപ്പൂര്‍വമായിരുന്നില്ല..അമ്പരന്നു പോയില്ലേ?!! ഏതായാലും തൊട്ടടുത്ത നിമിഷം എന്റെ ചുമലില്‍ ഒരു കൈ വീണു.. അയാള്‍ ആദ്യത്തെ ഒരു മിനുറ്റ് ഞങ്ങളെ മാറി മാറി നോക്കി...!!അയാള്‍ നോക്കി നിന്ന അത്ര പോലും സമയമായിരുന്നില്ല അവളെന്റെ അടുത്ത് വന്നിരുന്നിട്ട്.!!
തുടര്‍ന്ന്‍ അയാള്‍ പറഞ്ഞ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. "ഇത് ഫാറൂഖ് കോളേജാണ്, നിന്റെ ഉദ്ദേശം ഇവിടെ നടക്കില്ല; അങ്ങോട്ട് മാറിയിരിക്ക്" എന്നയാള്‍ പറയുമ്പോഴേക്കും ഞാന്‍ അറിയാതെ എഴുന്നേറ്റുനിന്നു പോയി..!! അയാള്‍ക്ക്‌ വല്ല അസുഖവുമുണ്ടോ എന്ന്‍ ഞാന്‍ സംശയിച്ചു പോയി!!
ഇത്തരം അനുഭവങ്ങളും മുന്‍വിധി നിറഞ്ഞ ശാസനകളും നിറഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ എനിക്ക് ലഭിച്ച പൂര്‍ണ സ്വരാജ്, ശബ്ദത്തിന്റെ ഉച്ചസ്ഥായി പോലെ പുറത്തു വരാതെ എന്നില്‍ തന്നെ വിങ്ങിപ്പൊട്ടി..!! എന്നെ നിയന്ത്രിക്കാന്‍ ഇവിടെയുള്ളത് ഇടയ്ക്കിടെ ഉണ്ടാവുന്ന മഞ്ഞു വീഴ്ചയും ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത കൊടും തണുപ്പുമാണ്. മഞ്ഞു വീണ് ഒലിച്ചിറങ്ങുന്ന ജനലുകള്‍ക്കരികില്‍ ഞാന്‍ പൂര്‍ണ സ്വതന്ത്രനാണ്. ഞാനനുഭവിച്ച വിലക്കുകളോടും നിയമങ്ങളോടും എനിക്ക് പ്രതിഷേധമുണ്ട്. എന്നെ നിയന്ത്രിക്കാന്‍ ഞാനല്ലാതെ മറ്റാരുമില്ല. യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞ വാക്കുകള്‍ കാതുകളില്‍മുഴങ്ങുന്നുണ്ട്.
ഫാറൂഖ് കോളേജില്‍ എല്ലാവരുടെയും മുന്‍പില്‍ രണ്ടു വഴികളുണ്ടായിരുന്നു. അതില്‍ ഒന്നാമത്തേത് ഒരു 'ശരിയായ ഫാറൂഖ് കോളേജ് വിദ്യാര്‍ഥിയുടെ' കുപ്പായമണിയുക എന്നതായിരുന്നു. എന്റെ സാഹചര്യങ്ങള്‍ കൊണ്ട് ഈ കുപ്പായമ ണി യാന്‍ വലിയ പ്രയാസം തോന്നിയില്ല. എന്റെ സ്വാതന്ത്ര്യവും സ്വാഭാവികമായ സര്‍വ്വതും ആ കുപ്പായത്തിനടിയില്‍ വീര്‍പ്പു മുട്ടിയിട്ടും എനിക്കത് ഉപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പാരമ്പര്യത്തിന്റെ നിലനില്പിന് അത്യാവശ്യം വേണ്ട നിയന്ത്രണങ്ങള്‍ എന്ന് കരുതി സമാധാനിച്ചു. കൃത്യമായി പറഞ്ഞാല്‍ ഒരേ ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടികളോട് പോലും ക്യാംപസ്സിനകത്ത് വെച്ച് സംസാരിക്കാന്‍ ഭയമായിരുന്നു. എന്റെ വ്യക്തിത്വത്തിലുള്ള സംശയം കൊണ്ടല്ല മറിച്ച് ആ വേളയില്‍ എന്നെ ആട്ടിയോടിക്കുന്ന സെക്യുരിറ്റിയോ, ബന്ടപ്പെട്ടവരോ മനസ്സിനെല്‍പ്പിക്കുന്ന മാനഹാനി ഓര്‍ത്തായിരുന്നു ഈ ഭയം. വിഷയം പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടതായതിനാല്‍ പ്രതിഷേധിക്കുന്നതിനും പ്രതികരിക്കുന്നതിനും പരിധികളുണ്ടായിരുന്നു. വിപ്ലവം നടത്തിയിരുന്നെങ്കില്‍ കോളേജ് ജീവിതം ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു ദുസ്വപ്നമായി മാറിപ്പോയേനെ.!!
രണ്ടാമത്തെ മാര്‍ഗ്ഗം അല്പം ദുഷ്കരമായിരുന്നു. ക്യാമ്പസ്സിലെ 'ചാവേറുകള്‍' ആകുക എന്നതായിരുന്നു ആ മാര്‍ഗ്ഗം. ജയിലിനു സമാനമെന്നു തോന്നിക്കുന്ന ഇത്തരം നിയമങ്ങളെ പരസ്യമായി ലംഘിക്കുക. അങ്ങനെ ലംഘിക്കുന്നവര്‍ ക്യാമ്പസ്സിലെ ചാവേറുകളായി. അവരില്‍ ഭൂരിപക്ഷവും ഇടതു പക്ഷ വിദ്യാര്‍ഥി
പ്രസ്ഥാനങ്ങളിലെ നേതാക്കന്മാരോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. അവര്‍ പരസ്യമായി ഇത്തരം നിയമങ്ങളെ വെല്ലു വിളിക്കുകയും ലംഘിക്കുകയും ചെയ്തു. കൈകോര്‍ത്തു നടന്നും ഇടകലര്‍ന്നിരുന്നും അവര്‍ ക്യാമ്പസ്സിനു പുതിയ സൌഹൃദ രീതികള്‍ പരിചയപ്പെടുത്താന്‍ ശ്രമിച്ചു; പക്ഷെ പരാചയപ്പെട്ടു. കപട സദാചാരക്കരുടെയും നാട്യക്കാരുടെയും മുന്നില്‍ അവര്‍ ഒറ്റപ്പെട്ട് ഒതുങ്ങിപ്പോയി.! അവരെയൊക്കെ ക്യാമ്പസ്സിലെ 'ധീര രക്തസാക്ഷികള്‍' എന്ന് വിളിക്കാനാനെനിക്കിഷ്ടം.
ഫാറൂഖ് കോളേജില്‍ ഉള്ളത് പോലെ നിര്‍ദ്ദേശങ്ങളും, അറിയിപ്പുകളും, വിലക്കുകളും എല്ലാം ഈ ക്യാംപസ്സിലും ഉണ്ട്. പക്ഷെ അവിടെ അനുസരിക്കാനുള്ള സംയമാനത്തെക്കാള്‍ ലംഘിക്കുവാനുള്ള വെമ്പലുക ളായിരുന്നു കൂടുതലും..!
യുനിവേഴ്സിടിയുടെ ഗ്രൌണ്ട് ഫ്ലോറിലുള്ള കഫ്തീരിയയില്‍ ഒരു ദിവസം ഒരു നോട്ടീസ് കാണാനിടയായി. കഫ്തീരിയ നടത്തിപ്പുകാര്‍ തൂക്കിയ ഏതെങ്കിലും പരസ്യമോ മറ്റോ ആയിരിക്കുമെന്ന് കരുതി പക്ഷെ സ്ടുടന്റ്റ് യുനിയന്‍ പ്രസിടന്റ്റ് പതിച്ച ഔദ്യോഗിക അറിയിപ്പായിരുന്നു അത്. അതിന്റെ ഉള്ളടക്കം വളരെ ലളിതമായിരുന്നു. "വിദ്യാര്‍ഥി വിദ്യാര്‍ത്ഥിനികളുടെ ഹെല്‍ത്തി റിലേഷന്‍ വളരെ വിലപ്പെട്ടതാണ്‌. ആയതിനാല്‍ സ്ടുടന്റ്റ് യുനിയന്‍ ഓഫിസില്‍ നിന്നും സൌജന്യമായി വിതരണം ചെയ്യുന്ന ക്വാണ്ടം കൈപ്പറ്റെണ്ടതാണ്. ഇതായിരുന്നു അറിയിപ്പ്.
അടുത്ത് കണ്ട കസേരയില്‍ ഞാന്‍ അല്‍പ സമയം തളര്‍ന്നിരുന്നു. ഒരു ചായ കുടിച് ശരീരം ചൂടാക്കി. ഞാനും കൂടെ അംഗമായിരുന്ന കോളേജിലെ യുനിയന്‍ മനസ്സില്‍ മിന്നി മറഞ്ഞു...കൈകള്‍ മുറുക്കിത്തിരുമ്മി ഞാനെന്റെ റൂമിലേക്ക്‌ നടന്നു. എന്റെ ജാക്കറ്റില്‍ ചെറിയ മഞ്ഞിന്‍ കണങ്ങള്‍ വീഴുന്നുണ്ടായിരുന്നു...ആ നോട്ടീസ് എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയതേയില്ല.
ആളുകള്‍ സിഗ്നലിനായി കാത്തു നില്‍ക്കുകയാണ്. ഞാനടുത്തെത്തിയപ്പോഴേക്കും കാല്‍നട യാത്രക്കാര്‍ക്ക് റോഡു മുറിച്ചു കടക്കാനുള്ള സിഗ്നലായി. തിരക്കുള്ള റോഡ്‌ ക്രോസ് ചെയ്യുമ്പോഴും എന്റെ മനസ്സ് നിറയെ ആ നോടീസ് ആയിരുന്നു. brewery tap നു മുന്‍പിലെത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞുനിന്ന്‍ യുനിവേഴ്സിടിയെ നോക്കി..അതിന്റെ ആകാശത്ത് യുനിയന്‍ ജാക്ക് പറ ക്കുന്നുണ്ടായിരുന്നു. ഒപ്പം യുനിവേഴ്സിടിയുടെ വെളുത്ത പതാകയും. ഫാറൂഖ് കോളേജിന്റെ മുന്‍പിലും ഇത് പോലെ കുറെ കൊടികള്‍ ഉണ്ടായിരുന്നല്ലോ എന്നോര്‍ത്തു പോയി. നടക്കുന്നതിനിടയില്‍ ഫാറൂഖി ലെ മറ്റൊരു സംഭവം കൂടെ മനസ്സില്‍ തെളിഞ്ഞു വന്നു.
........സെക്കന്റിയര്‍ അവസാനത്തോടെ ആണെന്നാണെന്റെ ഓര്‍മ്മ. പി ജി വിദ്യാര്തികള്‍ക്ക് വേണ്ടി കോഴിക്കോട് വെച്ച് ഒരു Research Orientation Program (ROP) നടക്കുന്നുണ്ടായിരുന്നു. ഞാനും കൂടെ അംഗമായിരുന്ന ഒരു Career Organization ആഭിമുഖ്യത്തിലായിരുന്നു പരിപാടി. എന്റെ നിര്‍ഭാഗ്യത്തിന് ക്യാമ്പസ്സില്‍ അതിന്റെ നോട്ടീസ് വിതരണം ചെയ്യേണ്ടി വന്നു. അതിനിടയില്‍ ഏതാനും പെണ്‍കുട്ടികള്‍ക്ക്, അതും ഒന്നര വര്ഷം കൂടെ പഠിച്ച സ്വന്തം ക്ലാസ്സിലെ കുട്ടികള്‍ക്ക് പരിപാടിയെക്കുറിച് അല്പം വിശദീകരിച്ചു കൊടുക്കേണ്ടി വന്നു. ലൈബ്രറിയുടെ തൊട്ടു മുന്‍പില്‍ വെച്ചായിരുന്നു ഈ മഹാപരാധം ഞാന്‍ നടത്തിയത്.!! സ്വാഭാവികമായും സെക്യുരിറ്റി ഓടി വന്നു. എന്നോട് ജനസേവനം നിര്‍ത്തി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു.
പലപ്പോഴായി മനസ്സില്‍ തോന്നിയ ദേഷ്യത്തിന്റെ ചൂടിലും, കയ്യിലുള്ള നോടീസിന്റെ ബലത്തിലും ഞാനാ ഉത്തരവ് കേട്ടതായി ഭാവിച്ചില്ല.
ഞാനെന്റെ 'Research Orientation' തുടര്‍ന്നു.
അടുത്ത നിമിഷം അയാളെന്റെ കയ്യില്‍ ബലമായി പിടിച്ച് പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക് വലിച്ചു കൊണ്ട് പോയി. ഡോറിനു മുന്‍പില്‍ വെച്ച് അറ്റന്റര്‍ ഞങ്ങളെ തടഞ്ഞു. അകത്ത് മീറ്റിംഗ് നടക്കുകയാണെന്നറിയിച്ചു. സ്വാഭാവികമായും എനിക്കൊരു താക്കീതും തന്ന്‍ അയാള്‍ തിരിച്ചു പോകുമെന്ന്‍ ഞാന്‍ കരുതി.
പക്ഷെ സംഭവിച്ചത് മറിച്ചാണ്. അയാള്‍ എന്നെയും പിടിച്ച് അനുവാദമില്ലാതെ അകത്തു കടന്നു. അയാളുടെ പെട്ടന്നുള്ള 'Body Language' അവിടെ ഒരു ഭീകരാന്തരീക്ഷം തന്നെ സ്രഷ്ടിച്ചു. മേലുദ്യോഗസ്ഥനെ കണ്ട പോലീസുകാരനെപ്പോലെ അയാള്‍ നിലത്താഞ്ഞു ചവിട്ടി പ്രിന്‍സിപ്പാളിനെ സല്യുട്ടടിച്ചു.
ഞാനാകെ സ്തംഭിച്ചു പോയി. അവിടെ നടക്കുന്നതെന്താണെന്നറിയാതെ ഞാനും മുറിയിലുണ്ടായിരുന്ന മറ്റുള്ളവരും അയാളെത്തന്നെ നോക്കി നിന്നു. ഒരു തോക്ക് കയ്യിലുണ്ടായിരുന്നെങ്കിൽ അയാൾ ആകാശത്തേക്ക് ഒരു വെടിയും കൂടെ വെച്ചേനെ എന്നെനിക്കു തോന്നി.
ഒരടി മുന്നോട്ട് നീങ്ങി അയാള്‍ ഇങ്ങനെ പറഞ്ഞു.
'ഇവന്‍ ഒരു പെണ്‍കുട്ടിയെയും വഴി നടക്കാന്‍ സമ്മതിക്കുന്നില്ല. പിറകെ നടന്ന്‍ ശല്യം ചെയ്യുന്നു സാര്‍".
എനിക്ക് തല കറങ്ങി, തൊണ്ട വരണ്ടു, വല്ലാതെ ദാഹം തോന്നി. റൂമിലെ ട്രോഫികള്‍ എന്റെ തലയ്ക്കു ചുറ്റും വട്ടം കറങ്ങുന്നതായി തോന്നി. ഇതും പറഞ്ഞ് അയാള്‍ സല്യുട്ടടിച്ച് പുറത്തിറങ്ങി.
ചുരുക്കി പറഞ്ഞാല്‍ എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒടുവില്‍ കണ്ണീരിന്റെ സഹായം വേണ്ടി വന്നു. അവിടെ ഉണ്ടായിരുന്ന മറ്റു മാന്യന്മാരെ ജീവിതത്തില്‍ ഇനി ഒരിക്കലും കാണാന്‍ ഇട വരരുതേ എന്ന് പ്രാര്‍ഥിച് ഞാന്‍ പുറത്തിറങ്ങി. കണ്ണ് തുടച്ച് നേരെ ഗേറ്റിനടുത്തേക്ക്‌ നടന്നു. അയാളെ മതി വരുവോളം ചീത്ത വിളിച്ചു…..
പക്ഷെ പിന്നീട് ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി എന്നത് മറ്റൊരദ്ഭുതം..!! പിന്നീടൊരിക്കല്‍ എന്നെ കോളേജില്‍ നിന്നും suspend ചെയ്തപ്പോള്‍ അയാളെന്നെ സമാധാനിപ്പിച്ചതും ആശ്വസിപ്പിച്ചതും ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല. അയാള്‍ ജോലിയില്‍ നിന്നും പിരിഞ്ഞു പോകുന്ന വരെ ആ ബന്ധം ഞാന്‍ നില നിര്‍ത്തിയിരുന്നു. അദ്ദേഹത്തിന്‍റെ പേര് പറയാന്‍ എനിക്ക് ആഗ്രഹമുണ്ട്.
പക്ഷെ അദ്ദേഹത്തിന് ഇഷ്ടപ്പട്ടില്ലെങ്കിലോ എന്ന് കരുതി പറയുന്നില്ല. ഏതായാലും ആ സംഭവത്തോളം അപമാനിതനായ വേറൊരു സമയം ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. ഒരു പക്ഷെ അയാളെ ഈ കടും കൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് പെണ്‍കുട്ടികളുടെ മുന്‍പില്‍ വെച്ച ഞാന്‍ അയാളെ അപമാനിച്ചു എന്ന് തോന്നിയത് കൊണ്ടാവണം..! മാനം എലാവര്‍ക്കുമുള്ള ഒന്നാണല്ലോ..!!ആ സംഭവത്തിനു ശേഷം ക്യാംപസ്സിനകത്ത് പെണ്‍കുട്ടികളോട് മിണ്ടാന്‍ പേടിയായിരുന്നു.
സങ്കല്പങ്ങളുടെ വ്യത്യാസങ്ങള്‍ക്കിടയില്‍ ഏതാനും വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു..ഓര്‍മയില്‍ തെളിഞ്ഞവയില്‍ പലതിലും ഞാന്‍ പ്രതി സ്ഥാനത്താണ്. എത്ര ആത്മാര്‍ഥതയുണ്ടായിരുന്നെങ്കിലും കഴിഞ്ഞവയെന്നും ഓര്‍മ്മകള്‍ മാത്രമാണ്. വരഷങ്ങള്‍ ഇനിയും ഒരുപാട് കൊഴിഞ്ഞു പോവാനുണ്ട്..!!!
ഇടയ്ക്കിടെ ഉണ്ടാവുന്ന ഈ മഞ്ഞു മഴ എനിക്ക് വല്ലാത്ത സന്തോഷം നല്‍കുന്നു. റൂമിന്റെ ജനാലയിലൂടെ നോക്കിയാല്‍ മഞ്ഞു വീണു വെളുത്ത മേല്‍ക്കൂരകള്‍ കാണാം. അകലെയുള്ള ചിമ്മിനിയുടെ മുകള്‍ ഭാഗങ്ങള്‍ മഞ്ഞില്‍ മൂടി നില്‍ക്കുണ്ടാവും..കണ്ടാല്‍ രണ്ടു വലിയ ഐസ്ക്രീം എടുത്തു വെച്ചതാണെന്നു തോന്നും.
തണുപ്പ് പെയ്യുന്ന ഈ നാട്ടില്‍ താമസിക്കുമ്പോഴും മനസ്സ് നിറയെ ഫാറൂഖ് കോളേജും അവിടെ പഠിച്ച മൂന്നു വര്‍ഷങ്ങളുമാണ്..ഒരിക്കല്‍ കൂടെ അവിടെ പോകാന്‍ കഴിഞ്ഞിട്ടില്ല. കൂടെ പടിച്ചവരാരും ഇല്ലാത്ത ക്യാമ്പസ്സില്‍ ഒരപരിചിതനായി ചെന്ന്‍ സ്വയം പരിചയപ്പെടുത്താന്‍ ഒരു പ്രയാസം.
അവിടെ ഓര്‍മകള്‍ക്കും എന്റെ മൂന്നു വര്‍ഷത്തെ അനുഭവങ്ങള്‍ക്കും ഒരിക്കലും പക്വത കൈവരാതിരിക്കട്ടെ...!! മഞ്ഞു പെയ്യുന്ന ദിവസങ്ങളില്‍ ആ ഓര്‍മകള്‍ക്ക് വീണ്ടും പക്വത കുറയും..!! ഓര്‍മകള്‍ക്ക് മുന്‍പില്‍ കീഴടങ്ങുമ്പോള്‍ ഞാനെന്റെ ഇന്നലെകളോട് നീതി പുലര്‍ത്തു ന്നതായി തോന്നും...!!!
ദൂരെ ഇപ്പോഴും മഞ്ഞു പെയ്തു കൊണ്ടേയിരിക്കുന്നു...!! ഭാരമില്ലാതെ മഞ്ഞിന്‍ കണങ്ങള്‍ വായുവിലൂടെ പറന്നു നടക്കുന്നത് എനിക്ക് കാണാം...!!! എന്റെ ജനലരികില്‍ ഞാനിപ്പോഴും സ്വതന്ത്രനാണ്...!!!!


Sunday 18 May 2014

പല്ലികൾ ഏകാന്തശീലങ്ങളുടെ ശരീരങ്ങളായതുപോലെ!

അറിഞ്ഞ്, അളന്നു നൽകൽ ദൈവികമാണ്. അത് എന്റെ വിശ്വാസമായിരുന്നു. ഓരോ ജീവന്റെ തുടിപ്പിനും അർഹമായ അളവിലാണ്, ദൈവം ഏകാന്തതയും, നിരാശയും വീതിച്ചു നല്കിയത് എന്നതായിരുന്നു എന്റെ വിശ്വാസം. ആ വിശ്വാസത്തിനു ദൈവ നീതിയുടെ പിൻബലമില്ല എന്നെനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. കാരണം; എന്റെ ചുമരിലെ പല്ലികൾ അവർ അർഹിക്കുന്നതിലേറെ ഏകാന്തതയും, നിശബ്ദതയും അനുഭവിച്ചു തീർത്തത് പോലെ തോന്നുന്നു. അവർ അകപ്പെട്ടുപോയ ഭീതിതമായ ഏകാന്തതയും, ദുരൂഹമായ അവരുടെ നിശബ്ദതയും ഇപ്പോൾ എന്റേത് കൂടിയാണ്. മറികടക്കാനാവാത്ത അറ്റമില്ലായ്മയിൽ ഒറ്റപ്പെടുകയും; അതിജീവിക്കാൻ പ്രയാസമായ നിശബ്ദതയിൽ ഭയപ്പെടുകയും ചെയ്യുന്നതിനാൽ; അവരുടെ ചലനങ്ങള്ക്ക് പ്രതീക്ഷയുടെ വേഗത ഉണ്ടാവാറില്ല; ഓരോ ചെറിയ ചലനവും അവരെ ഭയപ്പെടുതുന്നതിനാൽ സ്വയം നിശ്ചലരായതുപോലെ! നിശബ്ദതയുടെ തീവ്രതയിൽ സ്വന്തം ശബ്ദത്തെപ്പോലും അവർ ഭയപ്പെടുന്നതുപോലെ!

ആരെന്നോ, എപ്പോൾ വരുമെന്നോ അറിയാത്ത; ആരെയോ കാത്തിരിക്കുകയാണവർ എന്ന് തോന്നും. അവരെന്നെ ഇമവെട്ടാതെ ദീർഘ നേരം തുറിച്ചു നോക്കിക്കൊണ്ടിരിക്കും; പലപ്പോഴും ഞാൻ അവരെയും! അവരുടെ നിരന്തരമായ നോട്ടവും, ഇടവേളകളില്ലാത്ത നിരീക്ഷണവും ചിലപ്പോഴെങ്കിലും എന്നെ ഭയപ്പെടുത്താറുണ്ട്! എതിർത്ത് തോല്പ്പിക്കാനാവാത്ത ഏതോ ദുരന്തം വരാനുണ്ടെന്ന തിരിച്ചറിവിൽ, അവർ അതിനു വേണ്ടി തയ്യാറായി കാത്തിരിക്കുകയാണെന്ന് തോന്നും! ഭയചകിതരായ അവരുടെ കണ്ണുകൾ എന്റെ റൂമിലും ഭീതിയുടെ നിശബ്ദതയും, ഏകാന്തതയും നിറയ്ക്കുന്നതായി തോന്നും.

ഈ രാത്രിയിൽ അവർ ഒരിക്കൽ കൂടി ശബ്ദിച്ചു. ഇതുപോലെ വല്ലപ്പോഴുമോരിക്കലാണ് അവർ ശബ്ദിക്കാറുള്ളത്. ചിലപ്പോഴൊക്കെ ഞാനറിയാതെ അവരെന്റെ കാൽപ്പാദങ്ങൽക്കരികിലോളം വരാറുണ്ട്. റൂഫിന്റെ നേർത്ത ഷെയിഡിലൂടെ അവർ പതിയെ ഇഴഞ്ഞു നീങ്ങും. ചിലപ്പോഴൊക്കെ ഒട്ടിച്ചു വെച്ചതു പോലെ തല കീഴായി പറ്റിപ്പിടിച്ചിരിക്കും! അവയിൽ ചിലത് രാത്രികളിൽ എന്റെ കാവല്ക്കരാണ് ! എന്റെ ടെറസ്സിൽ രാത്രികളിൽ ഞാൻ നടക്കുമ്പോഴും, ഇരിക്കുമ്പോഴും, ആനന്ദം അന്വേഷിക്കുമ്പോഴും ; അവരുറങ്ങാതെ കാവലിരിക്കും!

ഇതുപോലെ സർവതും സമർപ്പിച് എകാന്തതക്ക് കൂട്ടിരിക്കുന്ന സൌഹൃതങ്ങൾ അപൂർവമായിരിക്കാം. അവരവരുടെ സ്ഥിരം സ്ഥാനങ്ങളിൽ അവർ രാത്രികളിൽ എനിക്ക് കൂട്ടിരിക്കുന്നു. വല്ലപ്പോഴുമുള്ള സൂക്ഷ്മമായ ഒരിഴഞ്ഞു നീങ്ങലിനപ്പുറം, അവര്ക്ക് കാര്യമായ സ്ഥാന ചലനങ്ങളൊന്നും ഉണ്ടാവാറില്ല. ആസൂത്രിതമായി വിന്യസിക്കപ്പെട്ട അംഗരക്ഷകരെപ്പൊലെ ടെറസ്സിൽ അവരെന്നെ നിരീക്ഷിക്കുന്നതായും, പതിയെ പിന്തുടരുന്നതായും എനിക്ക് തോന്നാറുണ്ട്.

പാറ്റകളും, ചെറിയ പ്രാണികളും അവരുടെ വഴിയിൽ വരുമ്പൊഴല്ലാതെ; വളരെ അപൂർവമായേ അവരവരെ പിന്തുടർന്ന് കീഴ്പ്പെടുത്താറുള്ളൂ. ചിലപ്പോഴൊക്കെ ഞാൻ ഭിത്തിയിൽ കൈ വെക്കുമ്പോൾ അവർ പ്രതികരിക്കാരുണ്ട്; അല്പം പിന്നോട്ട നീങ്ങി എന്നെ തുറിച് നോക്കിക്കൊണ്ടിരിക്കും! പക്ഷെ അവരൊരിക്കലും വാല് പൊഴിക്കുകയൊ, ചുമരിലെ ഇരുണ്ട കോണുകളിൽ മറയുകയോ ചെയ്യാറില്ല!

റോഡിലൂടെ നടക്കുമ്പോൾ പലപ്പോഴും പല്ലികൾ എന്നെ പിന്തുടരുന്നതായി തോന്നാറുണ്ട്. ചുറ്റും പല്ലികൾ ചിലയ്ക്കുന്നത് പോലെ തോന്നും. രാത്രി ഉറങ്ങുമ്പോൾ എനിക്ക് ചുറ്റും പല്ലികൾ ചിറകു വിരിച് പറക്കുന്നതായി തോന്നും.

അവരുടെ ദുരൂഹമായ നോട്ടവും, നിഗൂഡമായ നിശബ്ദതയും പലപ്പോഴും എന്നെ പലതും ഒര്മ്മിപ്പിക്കാരുണ്ട്. അവയിൽ പ്രധാനപ്പെട്ടത്; പനി പിടിച്ചു കുളിരും, വിറയലും ഉണ്ടായ നീണ്ട രാത്രികളാണ്. ആ രാത്രികൾ ഒരിക്കലും വെളുക്കാറില്ലായിരുന്നു. ഒരവ്യക്ത ഓർമയിൽ അതങ്ങനെ നീണ്ടു പോവുമായിരുന്നു. പനി കൂടുമ്പോൾ ഭീകര ജീവികൾ വലിയ ഗോളങ്ങളായും, രൂപമില്ലാത്ത മറ്റു പലതുമായും എനിക്ക് ചുറ്റും പാറി നടന്നു. കണ്ണടച്ചാൽ ഈ രൂപങ്ങളും, കണ്ണ് തുറന്നാൽ ഇരുട്ടും എന്നെ ഭയപ്പെടുത്തി. ആ രാത്രികളെല്ലാം ഭീകരങ്ങളായിരുന്നു.

രാത്രിയിൽ ഞാൻ വസ്ത്രങ്ങൾ അഴിക്കുമ്പോൾ അവർ വിചിത്രമായി മുരളുന്നതും; ഞാൻ നഗ്നനായി നടക്കുമ്പോൾ അവർ കൂട്ടത്തോടെ തുറിച്ചു നോക്കുന്നതും; എന്റെ സ്വകാര്യ ആനന്ദങ്ങളിൽ അവർ നാക്ക് പുറത്തേക്കു നീട്ടുന്നതും ഞാൻ കാണാറുണ്ട്.

എന്റെ മൂളലുകൾക്ക് പോലും അവർ കാതോർക്കുന്നുണ്ടെന്നു തോന്നിയപ്പോഴാണ് ഞാനവരോട് സംസാരിച്ചു തുടങ്ങിയത്. ഏതെങ്കിലും ഒരു ദിവസം; നിലാവുപോലും ഇല്ലാത്ത ഒരു രാത്രിയിൽ അവർ എന്നോടും സംസാരിച്ചു തുടങ്ങുമായിരിക്കും! അതുവരെ; അവരൊരിക്കലും ഓടിയൊളിക്കാൻ ശ്രമിച്ചിട്ടില്ലാത്ത ഈ കൂട്ടിന്റെ അനിവാര്യതയെ ഞാൻ അവമതിക്കില്ല.

അവർ ഒരിക്കലും കണ്ണ് ചിമ്മാതതാണോ ; അതോ ഞാനും അവരും ഒരേ സമയത്ത് കണ്ണ് ചിമമുന്നതാണോ എന്നറിയില്ല ; അവരുടെ കണ്ണുകൾ ഒരിക്കൽ പോലും അടയുന്നതായി ഞാൻ കണ്ടിട്ടില്ല.

ഈ പല്ലികളിലോന്നിനു പ്രണയം നൽകേണ്ടി വന്നാൽ ആരോടാണ് ഖേദം പ്രകടിപ്പിക്കേണ്ടത് എന്നറിയില്ല. അവരുടെ പ്രനയാഭ്യർതനക്ക് വശംവദനാവേണ്ടത് ഒഴിവാക്കാനാവാത്ത അനിവാര്യതയായി മാറുന്നു. വിശ്വസിച് ആശ്രയിക്കാൻ കഴിയാത്തവയാണെന്ന് ഉത്തമ ബോധ്യമുള്ള മതിഭ്രമങ്ങൾക്കു മുൻപിൽ സ്വയം സമര്പ്പിക്കേണ്ടി വരുന്ന ചില നിമിഷങ്ങൾ ഏകാന്തതയുടെ അനിവാര്യതയാണ്. കൂടിയ ഇനം സ്വാർതന്മാർ അതിനെ ചിത്തഭ്രമം എന്ന് വിളിച്ചേക്കാം! ആ ചീത്തപ്പേരിൽ നിന്നുള്ള മോചനത്തിന് ഒരു നിദ്രയുടെ ദൈര്ഘ്യമേ വേണ്ടൂ.

നിശബ്ദതയ്ക്കും, ഏകാന്തതയ്ക്കും ഒരതിർത്തി ഉണ്ടെന്നു ഞാൻ തിരിച്ചറിയുന്നു. ആ അതിരുകൾക്കപ്പുറത്ത് നിശ്ചയമായും നിദ്രയാവണം! അവിടെ ഏകാന്തതയും, നിശബ്ദതയും ഓർമകൾക്ക് കീഴടങ്ങാറില്ല. ഒരിക്കലും അവസാനിക്കാത്ത ഏകാന്തത എങ്ങും പടരുന്നതു പോലെ! ദിവസങ്ങള് കഴിയുന്തോറും; എകാന്തതക്ക് കീഴ്പ്പെട്ടു പോവുകയോ, നിശബ്ദയ്ക്ക് അടിമപ്പെട്ടു പോവുകയോ ചെയ്യുന്നതു പോലെ! പല്ലികൾ ഏകാന്തശീലങ്ങളുടെ ശരീരങ്ങളായതുപോലെ!

Thursday 29 August 2013

കുങ്കുമം പെയ്ത കാലം

ഇത്തവണത്തെ ഓണത്തിന് നാട്ടിൽ പോവുന്നുണ്ടെന്ന് പറഞ്ഞാണ് അവൾ സംസാരം തുടങ്ങിയത്. പിന്നെ സ്വാഭാവികമായും പണ്ട് ഓണക്കാലത്ത് പൂപറിച്ചു നടന്നതും, പൂവിടാൻ ചാണകം മെഴുകി അത്തക്കളമൊരുക്കിയതും തുടങ്ങി പറഞ്ഞാൽ തീരാത്ത ഓണക്കഥകളും നാട്ടിലെ വിശേഷങ്ങളും ഓര്മ വരുന്നതനുസരിച് നിരത്താതെ പറഞ്ഞു തുടങ്ങി. വീട്ടിലെ പശുവിനെ കറക്കുമ്പോഴൊക്കെ അതിടക്കിടെ മൂത്രമൊഴിക്കാറുണ്ടായിരുന്നത്രേ; അതുകൊണ്ട് പാലിൽ മൂത്രം തെറിചിട്ടുണ്ടാവും എന്ന സംശയം കാരണം പാല് കുടിക്കാൻ മടി തോന്നിയതും, പശു ഈ ശീലം നിര്ത്താത്തത് കാരണം പാലിനോട് പിന്നീട് അറപ്പു തോന്നിയതും; എന്നാൽ കര്ക്കിടകം വന്നപ്പോൾ മഴ നനഞ്ഞ് പനിച്ച് കിടപ്പിലായപ്പോൾ ഗോമൂത്രം ചേർത്ത മരുന്ന് കുടിക്കേണ്ടി വന്നതും അങനെ പറഞ്ഞാല തീരാത്ത വിശേഷങ്ങലത്രയും ഞാൻ കേട്ടിരുന്നു.

സ്കൂളിൽ നിന്നും വന്നാൽ ഉടനെ ഉടുപ്പ് മാറി വെള്ള ക്കമ്മീസ് ഉടുക്കും. അങ്ങനെ ഒറ്റക്കമ്മീസുമുടുത്ത് പറമ്പു മുഴുവൻ ഓടിനടന്ന കാലത്തിന് ഏതാണ്ട് പതിനഞ്ചു വർഷത്തിലേറെ പഴക്കമുണ്ട്. സ്കൂളിൽ പോവുമ്പോഴും വല്ലപ്പോഴും വിരുന്നിനു പോവുമ്പോഴും ഒഴികെ വെള്ളക്കമ്മീസായിരുന്നു സ്ഥിരം വേഷം.

മണ്ണിരയെ കൈകൊണ്ട് പിടിച്ച് ചൂണ്ടയിൽ കോർക്കുമ്പോൾ മഞ്ഞ നിറമുള്ള ഒരു ദ്രാവകം കൈകളിലാവും; അതോർക്കുമ്പോഴുള്ള മടി കാരണം മൈദപ്പൊടി നനച്ച് ചൂണ്ടയിൽ കോർത്ത് മീൻ പിടിക്കുന്നതും, അതുപോലെ ഒരിക്കൽ ബ്രഹ്മി പറിക്കാൻ കൂട്ടുകാരോടൊത്ത് വയലിൽ പോയപ്പോൾ, കൂടെ കൊണ്ടുപോയിരുന്ന ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയും ചേർത്ത പച്ചമാങ്ങ തിന്ന് തിന്ന് നേരം ഇരുട്ടിപ്പോയതും ഒടുവിൽ വീട്ടിൽ എത്തിയപ്പോൾ വഴക്ക് കേട്ടതും, തേങ്ങ എണ്ണാൻ കൂടെക്കൂടി മൂത്തോറന്റെ എണ്ണം തെറ്റിച്ചതും, കറ്റ മെതിക്കാൻ വന്ന പെണ്ണുങ്ങൾ പറഞ്ഞ അശ്ലീലം, രാത്രി ഉമ്മറത്ത് കാറ്റ് കൊണ്ട് കിടക്കുകയായിരുന്ന മുത്തച്ചനോട്‌ ചെന്ന് പറഞ്ഞപ്പോൾ ഇറയത്തു വെച്ചിരുന്ന ചെമ്പരത്തിക്കമ്പു കൊണ്ട് അടി കിട്ടിയതും അങ്ങനെ ഓര്മയിലെ മായാതെ നില്ക്കുന്ന കഥകളെല്ലാം ഞാൻ മടികൂടാതെ കേട്ടിരുന്നു. മനസ്സിലൂടെ കുട്ടനാടും ഒറ്റപ്പാലവും ഒക്കെ കടന്നുപോയി.

ഒരുദിവസം വൈകുന്നേരം എന്നെത്തെയും പോലെ വയലിലേക്കു ചെന്നു. ശാരികയും ഷമീറും കൂട്ടിനുണ്ടാവും. എല്ലാവരും പശുവിനുള്ള പുല്ലു പറിക്കും, പന്തയം വെച്ച് കിളിയെപ്പിടിക്കാൻ ഓടും. പിന്നെ ഷമീരിനൊപ്പം അവൻ നട്ട പയറു നനയ്ക്കാൻ കൂടും. അനഗനെ രാത്രിയാവും വരെ വയലിൽ ഓടി നടക്കും. അവന്റെ വീട്ടിലെ കാര്യം എന്നും സങ്കടമാണ്. ഒരിക്കൽ വീട്ടില് നടന്നൊരു വഴക്കിനെത്തുടർന്ന് അവന്റെ വാപ്പ വിഷം കഴിച്ചത്രേ. മരിക്കാതെ രക്ഷപ്പെട്ടെങ്കിലും ജോലിയൊന്നും ചെയ്യാൻ വയ്യാത്ത വിധം ശരീരം തളര്ന്നു പോയി. എന്നും വയലില ഒന്നിച്ച് പുല്ലു പറിച്ചും, കിളിയെപ്പിടിക്കാൻ ഓടി നടന്നും ഷമീർ അവളുടെ വലിയ കൂട്ടുകാരനായി. അവൻ നട്ടു വളർത്തുന്ന പയറു നനയ്ക്കാൻ അവൾ എന്നും സഹായിക്കും. അതുകണ്ട് ശാരികയും കൂടെക്കൂടും. വേനലവധിയായാൽ പിന്നെ എന്നും ഉത്സവമായിരുന്നു.

അന്ന് പക്ഷെ കളിയൊന്നും നടന്നില്ല. ഷമീറിന്റെ വീട്ടില് വിരുന്നുകാർ വരുന്നുണ്ടായിരുന്നത്രേ. കോഴിയെ വാങ്ങി വീട്ടിലെത്തിക്കേണ്ട ചുമതല അവനാണ്. അതുകൊണ്ടന്നു പയറു നനയ്ക്കാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂ. തന്നെക്കാൾ ഒരു വയസ്സിനു മൂത്തതായിരുന്നു അവൻ. പത്താം തരം പരീക്ഷയെഴുതി റിസൾട്ട്‌ കാത്തിരിക്കുകയാണ്. വെക്കേഷൻ തീരാൻ ഇനി അധിക നാൾ ഉണ്ടായിരുന്നില്ല. ഈ വര്ഷം പത്താം ക്ലാസ്സിലെക്കായത് കൊണ്ട് അവൾക്ക് ട്യുഷൻ നേരത്തെ തുടങ്ങും. പക്ഷെ ഇതൊന്നും ആരുടേയും വൈകുന്നേരങ്ങളിലെ ആഘോഷങ്ങൾക്ക് തടസ്സമായിരുന്നില്ല. ആ അവധിക്കാലമാത്രയും അവർ ആ വയലിൽ ഓടി നടക്കുകയായിരുന്നു.

പയറു നനച് ഷമീർ യാത്ര പറഞ്ഞു പോയി. കോഴിയെ വാങ്ങി വീട്ടില് കൊടുക്കണം. ആനയെ കുളിപ്പിക്കാറുള്ള കടവിൽ ആളുകൾ ഉണ്ടായിരുന്നു. പൂഴി മണൽ കടത്തുന്ന വണ്ടിയും ഉണ്ട്. കോഴിയെ വാങ്ങി തിരിച്ചു വരുമ്പോഴേക്കും ഇരുട്ടിയിരുന്നു. കടവിനടുത്ത് നല്ല വെളിച്ചമുണ്ട്. മണല് കടത്തുന്നവർ തത്ക്കാലം ഒരു വയറു വലിച് ബൾബിട്ടതാണ്. വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്ന ഷമീർ അന്ന് രാത്രി കടവിൽ വെച്ച് ഷോക്കേറ്റു മരിച്ചു. അന്നത്തെ രാത്രി ഇപ്പോഴും ഒരു ദുരന്തമായി മനസ്സിൽ കിടക്കുന്നുണ്ട്.

റിസൾട്ട്‌ വന്നു. ഷമീർ ഉയർന്ന മാർക്കോടെ പാസ്സായി. അവൾക്ക് ട്യുഷൻ തുടങ്ങി. ഒറ്റയ്ക്ക് നടന്നു പോവുമ്പോൾ വഴിയരികിലെ പള്ളിക്കാട്ടിൽ വേലിയോട് ചേർന്ന് ഷ മീറിന്റെ ഖബർ കാണാം. മണ്ണിനടിയിൽ അവൻ ഉണ്ടെന്നോരത്തപ്പോൾ അവൾക്ക് കരച്ചിൽ വന്നു. ഷമീർ ശരിക്കും മരിച്ചിട്ടുണ്ടാവുമോ അതോ മരിച്ചെന്നു കരുതി മറവു ചെയ്തുപോയതായിരിക്കുമോ എന്നവൾ ചിന്തിച്ചുപോയി. ഒന്നു കൂടി അവനെ കുലുക്കി വിളിച്ചിരുന്നെങ്കിൽ അവൻ എഴുന്നെൽക്കുമായിരുന്നോ എന്നിങ്ങനെ അവളുടെ മനസ്സിലൂടെ പല ചിന്തകളും കടന്നു പോയി.

പള്ളിക്കാട്ടിലെ കുറ്റിക്കാടുകൾ കണ്ടാൽ മരിക്കാൻ ഭയം തോന്നും. പക്ഷെ ഖബരുകൾക്കിടയിലെ കുങ്കുമത്തിൽ എന്നും പൂക്കളുണ്ടാവുമായിരുന്നു. അവിടെ കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്ക് കിടക്കുന്ന ഷമീറിനെ കുരിചൊർത്ത് അവള്ക്ക് സങ്കടം വരും. ട്യുഷൻ പോവുമ്പോഴും വരുമ്പോഴും എല്ലാം അവൾ അവന്റെ ഖബരിനടുത്തു കൂടെ നടക്കും.

ഇത്തവണ നാട്ടിൽ പോവുമ്പോൾ ഷമീരിന്റെ ഇത്താത്തമാരെ ചെന്ന് കാണണം എന്നവൾ പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും അവന്റെ കൂടെ വയലില ഓടി നടന്നതും, പയറു നനച്ചതും പിന്നീട് അവൻ മരിച്ചതിനു ശേഷം അവന്റെ ഖബറിടത്തിൽ പോയതും ഒന്നും മനസ്സില് നിന്നും മാഞ്ഞു പോയിട്ടില്ല.

അവരുടെ കുട്ടിക്കാലവും അവന്റെ മരണവും അവൻ കിടക്കുന്ന പള്ളിക്കാടും എന്നെയും പലതും ഓര്മിപ്പിച്ചു. ഏകാന്തതയും മരണവും അങ്ങനെ പലതും..

Thursday 15 August 2013

മൂന്നു നിറങ്ങളുള്ള പട്ടം

ഇന്നലെ സ്വാതന്ത്ര്യ ദിനമായിരുന്നു. ഒരവധി ദിനം എന്നതല്ലാതെ ഒരാഘോഷ ദിനത്തിലും കുറച്ചു വര്ഷങ്ങളായി ഒന്നും ഓർത്തു വെക്കാനുണ്ടാവാറില്ല. രാവിലെ എഴുന്നേറ്റപ്പോൾ എല്ലാ ടെറസ്സിലും ആഘോഷം. എന്റെ ടെറസ്സിൽ നിന്നും നോക്കിയാൽ ഒരുപാട് ടെറസ്സുകൾ കാണാം. ഞാൻ എഴുന്നേല്ക്കാൻ വൈകിപ്പോയോ എന്ന് തോന്നിപ്പോയി. 1947 ആഗസ്ത് 15 നു നമുക്ക് പട്ടം പറത്താനുള്ള സ്വാതന്ത്ര്യമായിരുന്നോ ലഭിച്ചത് എന്ന് ആലോചിച്ച് പോയി. അത്രയും  പട്ടങ്ങൾ ആകാശത്ത് പാറിക്കളിക്കുന്നുണ്ടായിരുന്നു. പല നിറത്തിലും രൂപത്തിലുമുള്ള എണ്ണിയാൽ തീരാത്ത പട്ടങ്ങൾ. കൂടുതലും പതാകയുടെ ത്രിവർണ്ണ പട്ടങ്ങൾ. കോഴിക്കോട് ബീച്ചിൽ പോലും ഇത്രയും പട്ടങ്ങൾ ഞാനിതിനു മുന്പ് ഒന്നിച്ച് കണ്ടിട്ടില്ല. പട്ടം പരത്തുന്നതിൽ മാത്രമല്ല രസം; മറ്റു പട്ടങ്ങൾ തന്ത്ര പൂർവം പൊട്ടിക്കുന്നതും അതിനു ശേഷം വിചിത്രമായ എന്തോ ശബ്ദം ഉണ്ടാക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണെന്നു മനസ്സിലായി.
എല്ലാ ടെറസ്സിലും നിറയെ ആളുകള്. കുറെ പട്ടങ്ങളും! കൂട്ടത്തിൽ ഏറ്റവും ചെറിയ വികൃതികളിൽ ചിലർ പട്ടം കയ്യിലെടുത്ത്‌ കടിച്ചു നോക്കുന്നുണ്ട്, വേറെ ചിലർ കടിച്ചു കീറിയവ ദൂരെ കളഞ്ഞ്  അടുത്തത് കയ്യിലെടുത്തിട്ടുണ്ട്. ആർക്കും പരാതിയില്ല; ആവശ്യത്തിലേറെ പട്ടം എല്ലാ ടെറസ്സിലും ഉണ്ട്. എന്തായാലും ചുറ്റുപാടും ആഘോഷത്തിന്റെ ബഹളവും ആരവങ്ങളും മാത്രം. എന്റെ കൈയ്യിൽ പട്ടമില്ല. അറിഞ്ഞിരുന്നെങ്കിൽ നേരത്തെ വാങ്ങി വെക്കാമായിരുന്നു. പക്ഷെ ഇങ്ങനെ ഒരു മഹോത്സവത്തെക്കുറിച്ച് അറിഞ്ഞില്ല. സങ്കടം തോന്നി.
ഓരോരുത്തർക്കും അവവനവന്റെ പട്ടം ശ്രദ്ദിക്കാൻ തന്നെ സമയമില്ല.മാത്രമല്ല; മറ്റാരും തന്റെ പട്ടത്തിന്റെ നൂല് പൊട്ടിക്കാതെ നോക്കുകയും വേണം. കണ്ടു നില്ക്കുന്ന ആർക്കും ഒരു പട്ടം പറത്താൻ തോന്നും. അത്രയും രസമുള്ളതായിരുന്നു ചുറ്റുമുള്ള കാഴ്ചകൾ.

എന്റെ ടെറസിന്റെ വലതു വശത്തെ ബിൽഡിങ്ങിന്റെ പണി തീർന്നിട്ടില്ല. പണിയെടുക്കുന്നവരുടെ കുടുംബം അതിന്റെ താഴത്തെ നിലയിലാണ് താമസം.കൂടെ ചെറിയൊരു കുട്ടിയേയും കാണാറുണ്ട്. ആഘോഷങ്ങളുടെ  ബഹളത്തിനിടയിൽ ഇതെല്ലാം നോക്കി ആ കുട്ടിയും ബില്ടിങ്ങിനു മുകളിൽ നില്ക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത് അമ്പരപ്പാണോ സന്തോഷമാണോ എന്ന് തിരിച്ചറിയാൻ കഴിയില്ല. ആകാശത്ത് പാറി നടക്കുന്ന ഓരോ പട്ടവും അവൻ മാറി മാറി നോക്കിക്കൊണ്ടിരുന്നു. ഇടക്കിടക്ക് അവയുടെ നൂലറ്റം പിടിച് ആസ്വദിച് ചിരിക്കുന്ന അവന്റെ പ്രായത്തിലുള്ള കുട്ടികളെയും അവൻ നോക്കും. പട്ടത്തെ കാറ്റ് കൊണ്ടുപോകുമ്പോൾ നൂല് പിടിച് സഹായിക്കുന്ന അവരുടെ അച്ഛനമ്മമാരെയും അവൻ നോക്കും. പട്ടത്തിന്റെ ദിശ മാറുന്നതനുസരിച് അവനും അറിയാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. പട്ടവും കുട്ടികളെയും മാറി മാറി നോക്കി അവൻ തളര്ന്നത് പോലെ എനിക്ക് തോന്നി. പക്ഷെ അവനപ്പോഴും മാറി മാറി നോക്കിക്കൊണ്ടേയിരുന്നു. കാറ്റ് വീശുമ്പോൾ പട്ടത്തിന്റെ ദിശ പെട്ടന്ന് മാറും; ഒപ്പം ഒരു ചെറിയ സീല്ക്കാരവും. ആ ശബ്ദം കേൾക്കുമ്പോൾ അവൻ ഉറക്കെ ചിരിക്കും. എന്നിട്ട് പട്ടം പറത്തുന്നവരെ നോക്കും. പക്ഷെ അവനെ ആരും കാണുന്നുണ്ടായിരുന്നില്ല. അവന്റെ കയ്യില പട്ടവും ഇല്ല. പിന്നെ വീണ്ടും ആകാശത്ത്‌ പട്ടത്തെ നോക്കും. അവന്റെ ചെറിയ കഴുത്ത് തളര്ന്നു പോവുന്ന പോലെ എനിക്ക് തോന്നി. അങ്ങനെ കുറെ നേരം നോക്കിക്കൊണ്ടിരിക്കുമ്പോൾ അവൻ കഴുത്ത് താഴ്ത്തിപ്പിടിക്കും. അല്പം കഴിഞ്ഞ് വീണ്ടും ഓരോ പട്ടവും മാറി മാറി നോക്കും. പെട്ടന്നാണവൻ പടികളിലൂടെ ഓടി  താഴേക്കിറങ്ങിയത്. അവന്റെ ഓട്ടം കണ്ട ഞാൻ പേടിച് പോയി. അത്രക്ക് വേഗത്തിലാണവൻ ഓരോ പടിയും ചാടിയിറങ്ങിയത്. ഞാനും ടെറസ്സിന്റെ അറ്റത്തു ചെന്ന് താഴേക്ക് നോക്കി. നൂലറ്റ്‌ ഒരു പട്ടം താഴെ വീണു കിടക്കുന്നു! ഒരു നിധി കിട്ടിയ സന്തോഷത്തോടെ അവനത് ഓടിച്ചെന്നെടുത്തു. രണ്ടു കൈകളിലും പട്ടം നെഞ്ചോട് ചേർത്ത് പിടിച് അവൻ മുകളിലേക്ക് ഓടിക്കയറി. അത് കണ്ട ഞാനും അവൻ മുകളിലെതുന്നതും നോക്കി നേരത്തെ നിന്നിടത്ത്‌ വന്നു നിന്നു. മുകളിലെത്തിയ അവന്റെ പട്ടം കീറിയിരുന്നു. ധ്രിതിയിൽ ഓടി പടികൾ കയറുമ്പോൾ കീറിപ്പോയതാവണം. മാത്രമല്ല നൂലില്ലാതെ പട്ടം പറത്താൻ കഴിയില്ലെന്ന് പട്ടം കിട്ടിയ സന്തോഷത്തിൽ അവൻ ഓർത്തു കാണില്ല. നിസ്സഹായതയല്ലാതെ അവനെപ്പോലെ ഒരു കുട്ടിക്ക് വേറെ പ്രതീക്ഷിക്കാനില്ല. ഒരു കീറിയ പട്ടം അബദ്ധത്തിൽ വീണു കിട്ടി എന്നല്ലാതെ അവന്റെ അന്നത്തെ ദിവസത്തിൽ സന്തോഷം നല്കുന്ന ഒരു മാറ്റവും ഉണ്ടാകാൻ പോവുന്നുണ്ടായിരുന്നില്ല. അവനങ്ങനെ വല്ല സന്തോഷമുള്ള മാറ്റവും പ്രതീക്ഷിക്കുന്നുണ്ടോ എന്നും എനിക്കറിയില്ല. എന്നാലും അറ്റുപോയ നൂലിന്റെ ചെറിയ ബാക്കിയിൽ മുറുകെപ്പിടിച് അവൻ ആ കീറിയ പട്ടം മുകളിലേക്കുയർത്തി പറത്താൻ ശ്രമിച്ചു. ചെറിയ ശ്രമം അല്ല; അവൻ കഠിനമായി ശ്രമിച്ചു. നൂലിന്റെ അറ്റം പിടിച് അവൻ രണ്ടു മൂന്നടി ഓടി നോക്കി. അവനാ ബിൽഡിങ്ങിൽ നിന്നും താഴെ വീണു പോവുമോ എന്നെനിക്ക് പേടി തോന്നി. ആ പട്ടം ഒരിക്കലും പറക്കില്ല എന്ന് അവന് അറിയാമായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ അവനതു പറത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അവനതല്ലാതെ വേറെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്റെ മനസ്സിലൂടെ എന്ത് ചിന്തകളാണ് കടന്നു പോയിക്കൊണ്ടിരുന്നത് എന്നറിയില്ല. പേരറിയില്ലെങ്കിലും ഞാനവനെ ഉറക്കെ എന്തോ വിളിച്ചു. തിരിഞ്ഞു നോക്കിയത് പക്ഷെ എന്റെ തൊട്ടു മുന്പിലെ ടെറസ്സിൽ പട്ടം പറതുന്നവരായിരുന്നു. എന്റെ അടുത്തെ വിളി അവന് കേട്ടു. അവനെന്നെ നോക്കി. ഞാനവനെ കൈകൊണ്ട് മാടി വിളിച്ചു. ഒന്നും മനസ്സിലാകാത്തത് കൊണ്ടാവണം അവന് ഭാവമാറ്റം ഒന്നും കണ്ടില്ല. പിന്നെയും ഞാനവനെ മാടി വിളിച്ചു, താഴേക്ക് വരാൻ നിർഭന്ധിചു. മടിച്ചു കൊണ്ടാണെങ്കിലും അവന് ഇറങ്ങി വന്നു. ഞാനും താഴേക്കു ചെന്നു. എന്റെ ബില്ടിങ്ങിന്റെ രണ്ടാമത്തെ നിലയുടെ കോണിപ്പടിയിൽ ഒരു നായ കിടക്കുന്നുണ്ടായിരുന്നു. മുകളിലേക്ക് കയറിവന്ന അവന് നായയെ കണ്ട അതേ വേഗത്തിൽ താഴേക്ക് ഇറങ്ങി. ഞാൻ ചെന്ന് നായയെ ഓടിച്ചു. അവന്റെ വസ്ത്രവും മുടിയും മുഷിഞ്ഞതായിരുന്നു. പക്ഷെ ചെറിയ പല്ലുകൾ കാട്ടിയുള്ള അവന്റെ ചിരി ഭംഗിയുള്ളതും നിഷ്കളങ്കവുമായിരുന്നു. ഞാനവന്റെ പേര് ചോദിച്ചു. അരവിന്ദ്. വിളിച്ചതെന്തിനാണെന്ന്  അവന് ചോദിച്ചില്ല. ഞാനവന് പട്ടം വാങ്ങാനുള്ള കാശ്  കൊടുത്തു. ഒന്നല്ല, ഒരുപാട് പട്ടം വാങ്ങാനുള്ള കാശ് കൊടുത്തു. പണം കൊടുത്തത് എനിക്ക് പട്ടം വാങ്ങിക്കാനാണെന്നാണ് അവൻ കരുതിയത്. അതവനു പട്ടം വാങ്ങിക്കാനുള്ള കാശാണെന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്തെ അഴുക്കെല്ലാം പെട്ടന്ന് കാറ്റിൽ പറന്നു പോയത് പോലെ തോന്നി. അവന്റെ കണ്ണിൽ മുഴുവൻ എന്നോടുള്ള നന്ദിയായിരിക്കണം; അവന്റെ രണ്ടു കണ്ണുകളും തിളങ്ങി. അവനെന്നോട് ചിരിച്ചു. ഞാനും ചിരിച്ചു. അവൻ കാശും മുറുകെ പിടിച് ഓടിപ്പോയി.

അരവിന്ദ് പട്ടം പറത്താനുള്ള തീവ്ര ശ്രമത്തിലാണ്. കീറിയ നൂലറ്റ പട്ടമല്ല. അവൻ അത് വരെ നോക്കിക്കൊണ്ടിരുന്ന പട്ടങ്ങളെപ്പോലെ ഭംഗിയുള്ള പട്ടം. നിറമുള്ള പട്ടം. അവന്റെ പട്ടത്തിന് ഏതറ്റവും വരെ പറക്കാൻ കഴിയുന്ന നീളമുള്ള നൂലുണ്ടിപ്പോൾ.ആ പട്ടം പൊട്ടിയാലും അവനു വിഷമമാവില്ല. ഏറ്റവും കുറഞ്ഞത് പത്തു പട്ടമെങ്കിലും അവന്റെ കയ്യിലുണ്ട്. പല നിറത്തിലുള്ളവ. പക്ഷെ അവനു പട്ടം പറത്തി പരിചയമില്ലാതതു കൊണ്ട് പറക്കാൻ പട്ടത്തിനൊരു മടി. ഇടയ്ക്കിടെ അവനെന്റെ ടെറസ്സിലേക്ക് നോക്കി ചിരിക്കും. പട്ടം അല്പം പറന്ന് അവന്റെ അടുത്ത് തന്നെ വന്നു വീഴുമ്പോൾ അവനെന്നെ നോക്കി വീണ്ടും ചിരിക്കും. ചിലപ്പോൾ അല്പം നാണം കലർന്ന ചിരി. വീണ്ടും പട്ടം മുകളിലേക്ക് പിടിച് പറത്താൻ ശ്രമിക്കും. അങ്ങനെ പട്ടം പൊങ്ങുമ്പോഴും വീഴുമ്പോഴും അവനെന്നെ നോക്കി ചിരിക്കും. ഞാനവനെയും. ഇടയ്ക്കിടെ താഴെ അടുക്കി വെച്ച പട്ടങ്ങളും അവൻ നോക്കും. പറന്ന് പോവാതിരിക്കാൻ ചെറിയ രണ്ടു കല്ലുകൾ അതിനു മുകളിൽ വെച്ചിട്ടുണ്ട്. ഒരു നിമിഷം കൊണ്ട് കോടീശ്വരനായത് പോലെ അവൻ മതി മറന്നു ചിരിച്ചു. അവന്റെ ജീവിതത്തിൽ ആ ചിരി ഒരിക്കലും മാഞ്ഞു പോവാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ആ പട്ടങ്ങൾക്ക് അവന്റെ സ്വാതന്ത്ര്യത്തിന്റെ നിറങ്ങളായിരുന്നു. അവന്റെ ചിരിയും സ്വാതന്ത്ര്യതിന്റെതാണെന്ന് എനിക്ക് തോന്നി. അപ്പോഴും അവനെന്നെ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു.